2009 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

കുഞ്ഞാവയുടെ ഏഴാം മാസം

അങ്ങനെ വാവ ഏഴാം മാസത്തില്‍ എത്തി. ഇപ്പോള്‍ കട്ടിലിന്റെ സൈഡില്‍ പിടിച്ചു എഴുനേല്ക്കും. എഴുന്നേറ്റു നില്‍ക്കുക മാത്രമല്ല ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പിടിച്ചു നടക്കും. ആദ്യമൊക്കെ പൊത്തോം പോത്തോം എന്ന് വീഴുമായിരുന്നു. ഇപ്പോള്‍ അങ്ങനെ വീഴുമോന്നുമില്ല. ആള് സ്വയം ബാലന്‍സ് ചെയ്തു തുടങ്ങി. ഒരു കയ്യ്‌ വിട്ടു നില്‍ക്കുക. രണ്ടു കയ്യും വിട്ട് ബസില്‍ കണ്ടക്ടര്‍ നിലക്ക്‌കുന്നത് പോലെ ബോഡി കൊണ്ടു ബാലന്‍സ് ചെയ്യാനൊക്കെ തുടങ്ങി. പാവം എത്ര പ്രാവശ്യം വീണു എന്ന് പറയാന്‍ പറ്റില്ല. ബെഡിലായത് കൊണ്ടു അധികം കുഴപ്പമില്ല. എന്നാലും ബെഡ്ഡില്‍ എവിടെയെങ്കിലും ഏതെങ്കിലും കളികോപ്പ് ഉണ്ടെങ്കില് അതിന്റെ മേലെയെ വീഴു. അവള്‍ ഉറങ്ങുന്ന നേരത്താണ് എന്തെങ്കിലും ജോലി ചെയ്യൂക. കിടത്തിയിട്ട് പോകാന്‍ പറ്റില്ല. ബെഡില്‍ കിടത്തിയാല്‍ നിലത്തു വീഴും. എന്നാല്‍ നിലത്തു കിടത്തിയാലോ ചുവരിലോ, ഫര്‍ണിച്ചറിലോ പിടിച്ചു എഴുന്നേല്‍ക്കും. എന്നിട്ട് പിടി വിട്ടു തലയിടിച്ചു വീഴുകയും ചെയ്യും. വീട്ടില്‍ സഹായത്തിനു ഒരാളില്ലാതെ പറ്റില്ല എന്ന അവസ്ഥയാണ്‌. കുറെകാലത്തിനു ശേഷം ഇന്നലെ ഒന്നു വാവയെ തൊട്ടിലില്‍ കിടത്തി. പാവം അതില്‍ നിന്നു വീണു. ബെഡില്‍ കിടക്കുമ്പോള്‍ ചെയ്യുന്നത് പോലെ തിരിഞ്ഞതാണെന്ന് തോന്നുന്നു. ബേബി മോണിറ്റര്‍ ഒക്കെ അവളുടെ അടുത്ത് വെച്ചിട്ടാണ് പോയത്, അതാവുമ്പോള്‍ അനങ്ങിയാല്‍ അറിയാമല്ലോ -എന്നിട്ടും വീണു. ഇനി തൊട്ടിലില്‍ കിടത്താന്‍ പറ്റില്ല എന്ന് അതോടെ മനസിലായി.


2009 ഓഗസ്റ്റ് 8, ശനിയാഴ്‌ച

വാവയുടെ ആറാം മാസം

അങ്ങനെ വാവക്ക് ആറ് മാസം ആയി. ഇപ്പോള്‍ വാവ ആവശ്യത്തിനു ഭക്ഷണം ഒക്കെ കഴിച്ചു തുടങ്ങി. ചോറും, കറിയും ഒന്നുമല്ലാട്ടോ. രാവിലെ ഏതെങ്കിലും പഴം കൊടുക്കും. ആപ്പിളോ, വാഴ പഴമോ, അങ്ങനെ എന്തെങ്കിലും. കൂടുതലൊന്നും കഴിക്കില്ല. തുടക്കമല്ലേ. രണ്ടോ, മൂന്നോ സ്പൂണ്‍ മാത്രം. അത് നന്നായി ഉടച്ചു കൊടുക്കും. പഴത്തിന്റെ ഉള്ളിലെ കുരു കൊടുക്കാന്‍ പാടില്ല. അത് കഴിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് വയറു വേദന വരും. വൈകിട്ട് വാവക്ക് കുറുക്ക് കൊടുക്കും. ചില ദിവസം പഴത്തിനു പകരം മധുരകിഴങ്ങ്, കാരറ്റ്‌, ഇതിലേതെങ്കിലും വേവിച്ച് കൊടുക്കും.
ഇപ്പോള്‍ വാവ ഇരിക്കാന്‍ തുടങ്ങി. കൂടുതല്‍ നേരമൊന്നും ഇരിക്കില്ല. അത് പോലെ നീന്തും. നീന്തലിനെക്കള്‍ കൂടുതല്‍ ചാട്ടമാണ്. നിലത്തങ്ങനെ കിടത്താറില്ല . ബെഡില്‍ തന്നെയാണ്. അതാവുമ്പോള്‍ വീണാലും ഒന്നും പറ്റില്ലല്ലോ.

2009 ജൂൺ 23, ചൊവ്വാഴ്ച

കുഞ്ഞാവയുടെ അഞ്ചാം മാസം

ഇപ്പോള്‍ വാവ നന്നായി കമിഴും. ചിരിക്കും. നമ്മള്‍ പറയുന്നതിനനുസരിച്ച് അവള്‍ ചിരിക്കും. പറയുന്നതും, ചെയ്യുന്നതും നോക്കി കിടക്കും. നമ്മള്‍ ചെയ്യുന്നത് പോലെ ചെയ്യും. ഞാന്‍ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍ അവള്‍ക്കും അത് ചെയ്യണം. വാതില്‍ തുറക്കുമ്പോള്‍ തുറക്കാന്‍ നോക്കും, അവളുടെ കയ്യില്‍ കൊള്ളുതതെല്ലാം അവള്‍ എടുക്കും.

കിടക്കയില്‍ വട്ടം കറങ്ങലാണ് അവളുടെ പ്രിയപ്പെട്ട ഹോബി. ഒരു സൈഡില്‍ നമ്മള്‍ കിടത്തി തിരിയുമ്പോഴേക്കും അവള്‍ തിരിഞ്ഞിട്ടുണ്ടാവും. ഇപ്പോള്‍ അവള്‍ക്ക്‌ പുതിയ കാഴ്ചകള്‍ കാണാന്‍ ഇഷ്ടമാണ്. എല്ലാം ശ്രദ്ധിച്ചു നോക്കും. ബെഡ് റൂം അവള്‍ക്ക് മതിയായി എന്ന് തന്നെ പറയാം. . ഉറങ്ങാന്‍ നേരത്ത് മാത്രമെ അത് അവള്‍ക്ക്‌ ഇഷ്ടമുള്ളു. അല്ലാത്തപ്പോള്‍ ഇങ്ങനെ നടക്കണം.

കുളിക്കുമ്പോള്‍ വെള്ളത്തില്‍ തല്ലി കളിയ്ക്കാന്‍ അവള്‍ക്ക്‌ ഒരുപാട്‌ ഇഷ്ടമാണ്.

ഇപ്പോള്‍ അവള്‍ക്ക്‌ കുറുക്കു കൊടുത്തു തുടങ്ങി. റാഗിയാണ് (കൂവരക്) കൊടുക്കുന്നത്. നാട്ടില്‍ നിന്നു വന്നപ്പോള്‍ പനം ചക്കരയും , പനം കല്‍ക്കണ്ടവും കൊണ്ടു വന്നു.

കുറുക്കു ഉണ്ടാക്കുന്ന വിധം
റാഗി ആദ്യം നന്നായി കഴുകണം.
കഴുകിയ റാഗി വെള്ളത്തില്‍ നാലഞ്ച്‌ മണിക്കൂര്‍ ഇട്ടു വെക്കുക. കുതിര്ന്നതിനു ശേഷം നന്നായി അരച്ചെടുക്കുക. അതിന് ശേഷം അരിച്ചെടുക്കുക. ഒന്നു രണ്ടു പ്രാവശ്യം അരിക്കണം. ചെറിയ അരിപ്പ ഉപയോഗിച്ചു വേണം (ഒരു തുണിയാണ് അരിപ്പയെക്കള്‍ നല്ലത്). നന്നായി അരിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക്‌ വയറു വേദന വരും. വെള്ളം കൂടുതല്‍ ഒഴിച്ച് അരിച്ചാലും കുഴപ്പമില്ല.
ഈ അരിച്ചത്‌ rഊറാന്‍ വെക്കുക. കുറെ കഴിയുമ്പോള്‍ അത് ഊറി വരും. ആ വെള്ളം ഊറ്റി കളയുക.
അതിന് ശേഷം വൃത്തിയുള്ള തോര്‍ത്തില്‍ ഇതു ഒഴിച്ച് എവിടെയെങ്കിലും കെട്ടി തൂക്കുക. അപ്പോള്‍ അതില്‍ ബാക്കിയുള്ള വെള്ളവും പോവും.
ഇതു വെയിലത്ത്‌ വെച്ചു നന്നായി ഉണക്കുക.
കട്ടയില്ലാതെ ഉണക്കി എടുക്കുക. കട്ടയുണ്ടെങ്കില്‍ മിക്സിയിലിട്ട് ഒന്നു പൊടിച്ചു വെക്കുക.
അങ്ങനെ പൊടി തയ്യാറായി. ഇത്ര ബുദ്ധിമുട്ടാന്‍ തയ്യാറല്ലാത്തവര്‍ ആവശ്യത്തിന് മിക്സിയിലിട്ട് അരച്ച് ഉണ്ടാക്കുക.

പൊടി 1 ടീ സ്പൂണ്‍ (കഴിക്കുന്ന അനുസരിച്ച് കൂട്ടാം)
പനം കല്‍ക്കണ്ടം/പനം ശര്‍ക്കര ആവശ്യത്തിനു
വെള്ളം വേവാന്‍ ആവശ്യത്തിന്. (പാല്‍ ചേര്‍ക്കരുത്. കുഞ്ഞുങ്ങള്‍ക്ക് ദഹിക്കില്ല)
നന്നയി ഇളക്കി വറ്റിക്കുക.

ആവശ്യത്തിന് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുക.

2009 ജൂൺ 6, ശനിയാഴ്‌ച

കുഞ്ഞുങ്ങള്‍ക്ക് പൌഡര്‍

ഒരു കുഞ്ഞുണ്ടായാല്‍ ഏറ്റവും കൂടുതല്‍ കിട്ടുന്നത് പൌഡറും, സോപ്പും ആയിരിക്കും. ഇതു ഉപയോഗിച്ചില്ലെങ്കില്‍ മിക്കവര്‍ക്കും ഭയങ്കര ബുദ്ധിമുട്ടാണ്. പ്രായംആയവര്‍ക്കും, ബന്ധുകള്‍ക്കും ആയിരിക്കും ഇതു ഏറ്റവും കൂടുതല്‍. ഞങ്ങള്‍ക്ക്‌ വാവയുണ്ടായി കഴിഞ്ഞപ്പോള്‍ ഇങ്ങനെ പറയാന്‍ ആരും ഇല്ലാത്തത് കൊണ്ടു കൊണ്ടു ഞങ്ങള്‍ രക്ഷപെട്ടു. പൌഡര്‍ മുഖത്തിടുമ്പോള്‍ അത് കുഞ്ഞുങ്ങളുടെ മൂക്കില്‍ കൂടി കയറി ശ്വാസ തടസം ഉണ്ടാവും. അത് മാത്രമല്ലാ അത് പിന്നെ പല അസുഖങ്ങള്‍കും കാരണമാകും. ഇതൊന്നും എത്ര പറഞ്ഞാലും മനസിലാവില്ല. പൌഡര്‍ ഇട്ടാല്‍ കുഞ്ഞു വെളുക്കും എന്നാണ് പലരുടെയും വിചാരം .

പൌഡര്‍ അങ്ങനെ നമുക്ക്‌ ഒഴിവാക്കാനും പറ്റില്ല. കൊച്ചു കുട്ടികള്‍ക്ക്‌ കുളി കഴിഞ്ഞാല്‍ കഴുത്തിലും, തുടയിലും, കക്ഷത്തിലും, കയ്യിമടക്കിലും വെള്ളം ഇരിക്കാന്‍ സാധ്യതയുണ്ട്‌. അതവിടെ ഇരുന്നു ചുമന്നു പൊട്ടും. അതൊഴിവാക്കാന്‍ എല്ലാ ദിവസവും കുളി കഴിഞ്ഞ ശേഷം അവിടെ പൌഡര്‍ ഇടണം.

തണുപ്പുള്ളപ്പോള്‍ എല്ലാ ദിവസവും കുളിപ്പിക്കേണ്ട ആവശ്യവുമില്ല . കക്ഷവും, തുടയും എല്ലാം നനഞ്ഞ തുണി കൊണ്ടു തുടച്ചാല്‍ മാത്രം മതി. പിന്നെ ശ്രദ്ധിക്കേണ്ട കാര്യം ചെവിയാണ് . കുളിപ്പിക്കുമ്പോള്‍ ചെവിയില്‍ വെള്ളം പോകുന്നത് സാധാരണം. അത് ഒരു തുണിയെടുത്ത് ചെറുതായി ഉരുട്ടി ചെവിയില്‍ കയറ്റി വെള്ളം ഒപ്പിയെടുക്കണം. അതിന് ബട്സു ഉപയോഗിക്കേണ്ട ആവശ്യമില്ല. ഇങ്ങനെ ഉപയോഗിക്കുന്ന തുണി കഴുകി വൃത്തിയാക്കിയത് വേണം .

2009 ജൂൺ 2, ചൊവ്വാഴ്ച

നാലര മാസം

കമിഴുന്നത് വരെ എന്താ കമിഴാത്തതെന്ന ടെന്‍ഷന്‍ ആയിരുന്നു. കമിഴ്ന്നു കഴിഞ്ഞപ്പോള്‍ മനസിലായി ഇതൊരു കുഴപ്പം പിടിച്ച സമയമാണെന്ന്. പിന്നെ ഒരു മിനിറ്റ്‌ പോലും മലര്ന്ന് കിടക്കില്ല. കമിഴും,കരയും,തിരിച്ചിട്ടാല്‍ വീണ്ടും കമിഴും.കുറച്ചു നേരം കിടക്കും , പിന്നെ കരയും, വന്നു തിരിച്ചു കിടത്തും. തിരിച്ചു കിടത്തി നമ്മള്‍ തിരിയുന്നതിന് മുമ്പ്‌ അവള് കമിഴ്ന്നിട്ടുണ്ടാവും. ഇതിങ്ങനെ എല്ലാ ദിവസവും. ശരിക്കും വശം കെട്ടുവെന്നു തന്നെ പറയാം. ഇപ്പോഴാണ്‌ പണ്ടത്തെ കൂട്ട് കുടുംബത്തിന്‍റെ മേന്മ മനസിലായത്. അതാവുമ്പോള്‍ എത്ര കുട്ടികളെങ്കിലും നോക്കാന്‍ കുറച്ചു പേരെങ്കിലും മിനിമം വീട്ടിലുണ്ടാവുമല്ലോ.

ഇതു വരെ ഞങ്ങള്‍ എന്ത് വായിക്കുമ്പോളും അവളിങ്ങനെ നോക്കി കിടക്കുമായിരുന്നു. ഇപ്പോള്‍ അവള്‍ക്ക്‌ അത് വേണം. അതിങ്ങനെ പിടിച്ചു വായില്‍ വെക്കാന്‍ നോക്കും. നാട്ടില്‍ പോയപ്പോള്‍ കുറച്ചു കാറ്റു നിറയ്ക്കാവുന്ന മീനിനെയും, മുയലിനെയും കൊണ്ടു വന്നു. കണ്ടപ്പോള്‍ നല്ല ഭംഗി തോന്നി കൊണ്ടു വന്നതാ. ഇപ്പോള്‍ എല്ലാ കളികോപ്പിലും ലെഡ്‌ ആണത്രെ. അതിന് നല്ല മധുരവും. അത് വയറ്റില്‍ ചെന്നാല്‍ കുട്ടികളുടെ ബുദ്ധി കുറയുമത്രെ. പണ്ടത്തെ കുട്ടികള്‍ അങ്ങനെ ആണെങ്കില്‍ പണ്ടേ മന്ദബുദ്ധികള് ആയി പോകേണ്ടതല്ലേ അല്ലെ? അതിന് കാരണവും ഉണ്ട്. പണ്ടു ഇവിടെ ഇത്ര തട്ടിപ്പും, വെട്ടിപ്പും ഇല്ലല്ലോ.
അത് പറഞ്ഞപ്പോളാണ് ഓര്‍ത്തത്‌. നമ്മുടെ നാട്ടിലെ ഡയപ്പറിന്റെ കാര്യം. ഇവിടെ നിന്നു ഒരു മാസത്തെ ലീവിനു നാട്ടില്‍ പോയി. നാട്ടില്‍ പോയി കൊച്ചിന്റെ മൂത്ര തുണി കഴുകണ്ടല്ലോ എന്ന് വെച്ചു കുറച്ചു ഡയപ്പറും കൊണ്ടു പോയി. വരണ്ട സമയം ആയപ്പോഴേക്കും അത് തീര്ന്നു. ആ സെയിം കമ്പനിയുടെ ഡയപ്പര് നാട്ടില്‍ നിന്നും വാങ്ങി. വിലയെല്ലാം സെയിം. എന്തിനധികം പറയുന്നു ഇത്ര വൃത്തികെട്ട സാധനം വേറെ ഇല്ല. പണ്ടൊക്കെ ഒരു തരം പഞ്ഞി കിടക്ക ആള്‍ക്കാര്‍ നടന്നു വില്‍ക്കും. ഇപ്പോള്‍ ഉണ്ടോയെന്നു അറിയില്ല. നനഞ്ഞാല്‍ കട്ട പിടിക്കുന്ന പഞ്ഞിയുള്ള തരം. ആ സെയിം പഞ്ഞിയാണ് അതിന്റെയുള്ളില്‍. ഒരേ വിലയുള്ള സാധനം രണ്ടു സ്ഥലത്തു ഒരേ ക്വാളിറ്റിയില്‍ ഉണ്ടാക്കാത്തത് കഷ്ടം തന്നെ. നാട്ടിലുള്ളവര്‍ എന്തായാലും വാങ്ങും എന്ന് ഉള്ളത് കൊണ്ടാവുമല്ലേ? ഡയപ്പര് എന്നും ഉപയോഗിച്ചാല്‍ അസുഖം വരും എന്നത് വെറുതെയാണ്. നല്ല ക്വാളിറ്റി ഉള്ളതാണെങ്കില്‍ കുഴപ്പവുമില്ല. പക്ഷെ അത് ഇടക്കിടക്ക്‌ മാറ്റണം. നാല് മണിക്കൂര്‍ ഇടവിട്ട്‌ മാറ്റണമെന്നാണ് പറയുന്നതു. അത് മാത്രമല്ല അവിടെ നന്നായി കഴുകണം.

2009 മേയ് 20, ബുധനാഴ്‌ച

കണ്ണിലെ പഴുപ്പ്

എന്റെ വാവ ജനിച്ചപ്പോള്‍ തന്നെ ഒരു കണ്ണില്‍ പഴുപ്പുണ്ടായിരുന്നു. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് കുഞ്ഞാവകള്‍ക്ക് നോര്‍മല്‍ ഡെലിവറി സമയത്ത് കണ്ണില്‍ പഴുപ്പ് വരാന്‍ ചാന്‍സുണ്ട്. അവര്‍ ബര്‍ത്ത് കനാലില്‍ കൂടി വരുമ്പോള്‍ ഉണ്ടാവുന്ന ഇന്ഫെക്ഷന് ആണത്രേ അത്. അതിന് മരുന്ന് ഒഴിക്കേണ്ട ആവശ്യമില്ല. കണ്ണ് നീര് വരുന്ന ഭാഗത്ത് ( മൂക്കിനോട് ചേര്‍ന്ന ഭാഗം) ചെറുതായി മസ്സാജ് ചെയ്താല്‍ മതി. ഒന്നോ രണ്ടോ പ്രാവശ്യം പോര. ദിവസവും കുറേ പ്രാവശ്യം ചെയ്താല്‍ മാത്രമെ ഇതു പോവുകയുള്ളു. എന്‍റെ വാവയുടെ ഇതു മാറാന്‍ കുറേ നാള്‍ എടുത്തു. എന്നും മസ്സാജ് ചെയ്യാനുള്ള എന്‍റെ മടിയാണ് ഇതിന് കാരണം.

കുഞ്ഞിന്‍റെ നാലാം മാസം

എല്ലാ അമ്മമാരുടെയും പ്രിയപ്പെട്ട മാസം ആയിരിക്കും ഇത്. എല്ലാ മാസവും പ്രിയപെട്ടതാനെങ്കിലും ഇതിന് അല്പം മധുരം കൂടും. കുഞ്ഞുങ്ങള്‍ ചിരിച്ചു സ്വയം കളിച്ചു അടങ്ങി കിടക്കുന്ന മാസമല്ലേ ഇത്. എന്‍റെ വാവയുടെ ഉറക്കമെല്ലാം ഇപ്പോള്‍ കുറഞ്ഞു. അല്ലെങ്കിലും ഇവള്‍ ഉറങ്ങാതെ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. ജനിച്ചപ്പോള്‍ തൊട്ട് രാത്രി സുഖമായി ഉറങ്ങുമായിരുന്നു. ആ കാര്യത്തില്‍ ഞാന്‍ ഭാഗ്യം ചെയ്തതാണെന്ന് എല്ലാവരും പറയും. ഇപ്പോള്‍ രാവിലെ ഞാന്‍ ഉറങ്ങുന്നത് വരെ ഉറങ്ങും. പിന്നെ ചിരിച്ചു സ്വയം വര്‍ത്തമാനമെല്ലാം പറഞ്ഞു കമിഴാനൊക്കെ ശ്രമിച്ചിങ്ങനെ കിടക്കും. കമിഴുന്ന കാര്യം പറഞ്ഞപ്പോല ഓര്‍ത്തത്‌. അത് ശരിക്കും രസമാ. ബെഡില്‍ കിടത്തിയിട്ടാ കമിഴാതതെന്നു വിചാരിച്ച് നിലത്തു കിടത്തി. ഒരു ദിവസം നോക്കിയപ്പോ ബോഡി ചരിഞ്ഞു. ബാക്കി മുഖം ചരിച്ചു, പക്ഷെ വാവക്ക് പറ്റുന്നില്ല. പറ്റാത്തതിന്റെ സങ്കടം കൊണ്ടു കരയും, പിന്നെയും ശ്രമിക്കും, പിന്നെ കരയും. അങ്ങനെ അന്നത്തെ ദിവസം കടന്നു പോയി. ഞങ്ങളാരെങ്കിലും ഹെല്‍പ്‌ ചെയ്താല്‍ കുറച്ചു നേരം തല പോക്കിപിടിചൊക്കെ കിടക്കും. അങ്ങനെ കുറച്ചു ദിവസത്തിന് ശേഷം വാവ കമിഴ്ന്നു. ഇപ്പോള്‍ എടുത്തു നിര്‍ത്തുന്നത്‌ വളരെ ഇഷ്ടമാ.ഇങ്ങനെ ചിരിച്ചു നിന്നോളും.

2009 മേയ് 17, ഞായറാഴ്‌ച

കുഞ്ഞിന്‍റെ മൂന്നാം മാസം

മൂന്നു മാസം കഴിയുമ്പോഴേക്കും വാവയുടെ തല ഉറക്കാന്‍ തുടങ്ങും. ഇപ്പോള്‍ മലര്ത്തി എടുക്കുന്നത് മിക്ക കുഞ്ഞുങ്ങള്‍കും ഇഷ്ടമാവില്ല. എന്‍റെ വാവക്ക് അതൊട്ടും ഇഷ്ടമല്ല. ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കാനും വസ്തുക്കള് നീങ്ങുന്നതിനു അനുസരിച്ച് കഴുത്ത് തിരിച്ചു നോക്കാനും തുടങ്ങും. കടയില്‍ പോയപ്പോള്‍ ഓരോരുത്തരും നീങ്ങുന്നതിനു അനുസരിച്ച് അവളിങ്ങനെ തല തിരിക്കുകയായിരുന്നു. അത് കാണുന്നത് തന്നെ നല്ല രസമാ.

കുഞ്ഞിന്റെ രണ്ടാം മാസം

രണ്ടു മാസം ആകുമ്പോഴേക്കും എന്‍റെ വാവക്ക് എന്നെ മനസിലായി. ഞാന്‍ അടുത്ത് വരുമ്പോള്‍ അവള്‍ക്ക്‌ അറിയാം . എല്ലാ അമ്മമാരുടെയും പാലിന്‍റെ മണം കുഞ്ഞിനു അറിയാമത്രേ. ഇനി മുതല്‍ കുഞ്ഞ് അമ്മയുടെ മുഖത്ത് നോക്കി ചെറുതായി ചിരിക്കാന്‍ തുടങ്ങും. ആ ചിരി കണ്ടിരിക്കാന്‍ തന്നെ നല്ല രസമാ. ആ പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി. അത് കണ്ടാലല്ലേ അറിയൂ.

കുഞ്ഞിന്റെ ആദ്യ മാസം

ജനിക്കുമ്പോള്‍ കുഞ്ഞു എപ്പോളും ഉറക്കമായിരിക്കും ഒരു 20-22 മണിക്കൂറൊക്കെ ഉറങ്ങിക്കളയും. ആദ്യ ദിവസങ്ങളില്‍ പാല് കുടിപ്പിക്കാനുള്ള ബുദ്ധിമുട്ട് അനുഭവിച്ചവര്ക്കേ അറിയൂ. ആദ്യത്തെ കുഞ്ഞാണെങ്കില്‍ പറയുകയും വേണ്ട, കുട്ടിക്ക് കുടിക്കാനറിയില്ല, അമ്മക്കാണങ്കില് കുടിപ്പിക്കാനും. കുഞ്ഞു ശരിക്കും പാല് കുടിച്ചു തുടങ്ങാന്‍ രണ്ടാഴ്ചയെങ്കിലും എടുക്കും. മാത്രമല്ല ഉറങ്ങുന്ന കൊച്ചിനെ എഴുനെല്പിക്കുകയെന്നത് തന്നെ വളരെ പ്രയാസമായിരിക്കും ചെവിയിലോ കാലിലോ വിരലു കൊണ്ട് തട്ടി കരയിച്ചായിരിക്കും ഉണര്ത്തേണ്ടത്.
കൊച്ചിന് ജനിച്ചപ്പോള്‍ ഉണ്ടായിരുന്ന തൂക്കം കുറയുന്നത് സാധാരണം - മിക്ക കുഞ്ഞുങ്ങളും പാല് കുടിച്ച ശേഷം ശര്ദിക്കുന്നതും. ആദ്യത്തെ 2 ആഴ്ച വെയ്റ്റു കുറയുന്നതില് ടെന്ഷന് അടിക്കേണ്ട കാര്യമില്ല. പാല് കുടിച്ചയുടനെ കുഞ്ഞിനെ എടുത്തു തോളത്തു കിടത്തി പുറത്തു ചെറുതായി തട്ടി ഗ്യാസ് കളഞ്ഞാല്‍ ശര്ദ്ദി ഒഴിവാക്കാം. ഇങ്ങനെ ഗ്യാസ് കളയാത്തത്കൊണ്ടു വരുന്ന വയറുവേദനയാണ് മിക്ക കുഞ്ഞുങ്ങളും കരയുന്നതിനു കാരണം.

കുഞ്ഞിന്റെ തല നീണ്ടിരിക്കുന്നത്

കുഞ്ഞാവ ഉണ്ടായപ്പോള്‍ തല crystal skull പോലെ ആയിരുന്നു. നോര്‍മല്‍ പ്രസവത്തില്‍ കുട്ടിയുടെ തല അമ്മയുടെ ഇടുപ്പില്‍ കൂടുതല്‍ സമയം വന്നിരികുന്നത് കൊണ്ട് പുറത്തു വരുമ്പോള്‍ തലക്ക് നീളം കൂടുതല്‍ ഉണ്ടാകും. ഇതു ഉരുട്ടി ശരിയാക്കുകയെന്നത് ശരിയല്ല. അത് ഒരു മാസം കഴിയുമ്പോള്‍ താനെ ശരിയാവും.

കുഞ്ഞിനു വെള്ളം നല്‍കണോ?

ശരിക്കും പാല് കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വെള്ളം നല്‍കേണ്ട ആവശ്യമില്ല. മുലപാല്‍ കുറഞ്ഞാല്‍ മൂത്രത്തിന്‍റെ അളവും കുറയും. മാത്രമല്ല കുഞ്ഞു കരയുകയും ചെയ്യും.

കുഞ്ഞാവയ്ക്ക് മഞ്ഞ നിറം.



ജനിക്കുമ്പോള്‍ മിക്ക കുഞ്ഞുങ്ങള്‍കും മഞ്ഞ നിറം ഉണ്ടാവും. പക്ഷെ എന്‍റെ വാവക്ക് ഭാഗ്യത്തിന് ഇതുണ്ടായില്ലട്ടോ. ആദ്യത്തെ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മഞ്ഞ നിറം കണ്ടാല്‍ അത് വളരെ ഗൌരവമുള്ളതാണത്രെ. സാധാരണയായി ഇതു കാണുന്നത് ഇരുപത്തിനാലു മണിക്കൂറിനു ശേഷവും ഏഴ് മുതല്‍ പത്തു ദിവസതിനുമിടയിലാണ്. അമ്മയുടെ ബ്ലഡ്‌ ഗ്രൂപ്പ് -വും, കുഞ്ഞിന്റെ പോസിറ്റീവ് ആകുക, അമ്മയുടെ ഓ ഗ്രൂപ്പും, കുഞ്ഞു എ ഗ്രൂപ്പോ, ബി ഗ്രൂപ്പോ ആകുക ഈ അവസ്ഥയില്‍ മഞ്ഞപ്പ്‌ കൂടും. മഞ്ഞപ്പ്‌ വരാതെയിരിക്കാന്‍ രാവിലെയും വൈകുന്നേരവും ഇളംവയില് കൊള്ളിക്കണം എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നുണ്ട് . ഇതു എത്ര മാത്രം സത്യമുണ്ടെന്നെന്നും അറിയില്ല.