2009 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

കുഞ്ഞാവയുടെ ഏഴാം മാസം

അങ്ങനെ വാവ ഏഴാം മാസത്തില്‍ എത്തി. ഇപ്പോള്‍ കട്ടിലിന്റെ സൈഡില്‍ പിടിച്ചു എഴുനേല്ക്കും. എഴുന്നേറ്റു നില്‍ക്കുക മാത്രമല്ല ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പിടിച്ചു നടക്കും. ആദ്യമൊക്കെ പൊത്തോം പോത്തോം എന്ന് വീഴുമായിരുന്നു. ഇപ്പോള്‍ അങ്ങനെ വീഴുമോന്നുമില്ല. ആള് സ്വയം ബാലന്‍സ് ചെയ്തു തുടങ്ങി. ഒരു കയ്യ്‌ വിട്ടു നില്‍ക്കുക. രണ്ടു കയ്യും വിട്ട് ബസില്‍ കണ്ടക്ടര്‍ നിലക്ക്‌കുന്നത് പോലെ ബോഡി കൊണ്ടു ബാലന്‍സ് ചെയ്യാനൊക്കെ തുടങ്ങി. പാവം എത്ര പ്രാവശ്യം വീണു എന്ന് പറയാന്‍ പറ്റില്ല. ബെഡിലായത് കൊണ്ടു അധികം കുഴപ്പമില്ല. എന്നാലും ബെഡ്ഡില്‍ എവിടെയെങ്കിലും ഏതെങ്കിലും കളികോപ്പ് ഉണ്ടെങ്കില് അതിന്റെ മേലെയെ വീഴു. അവള്‍ ഉറങ്ങുന്ന നേരത്താണ് എന്തെങ്കിലും ജോലി ചെയ്യൂക. കിടത്തിയിട്ട് പോകാന്‍ പറ്റില്ല. ബെഡില്‍ കിടത്തിയാല്‍ നിലത്തു വീഴും. എന്നാല്‍ നിലത്തു കിടത്തിയാലോ ചുവരിലോ, ഫര്‍ണിച്ചറിലോ പിടിച്ചു എഴുന്നേല്‍ക്കും. എന്നിട്ട് പിടി വിട്ടു തലയിടിച്ചു വീഴുകയും ചെയ്യും. വീട്ടില്‍ സഹായത്തിനു ഒരാളില്ലാതെ പറ്റില്ല എന്ന അവസ്ഥയാണ്‌. കുറെകാലത്തിനു ശേഷം ഇന്നലെ ഒന്നു വാവയെ തൊട്ടിലില്‍ കിടത്തി. പാവം അതില്‍ നിന്നു വീണു. ബെഡില്‍ കിടക്കുമ്പോള്‍ ചെയ്യുന്നത് പോലെ തിരിഞ്ഞതാണെന്ന് തോന്നുന്നു. ബേബി മോണിറ്റര്‍ ഒക്കെ അവളുടെ അടുത്ത് വെച്ചിട്ടാണ് പോയത്, അതാവുമ്പോള്‍ അനങ്ങിയാല്‍ അറിയാമല്ലോ -എന്നിട്ടും വീണു. ഇനി തൊട്ടിലില്‍ കിടത്താന്‍ പറ്റില്ല എന്ന് അതോടെ മനസിലായി.


2009 ഓഗസ്റ്റ് 8, ശനിയാഴ്‌ച

വാവയുടെ ആറാം മാസം

അങ്ങനെ വാവക്ക് ആറ് മാസം ആയി. ഇപ്പോള്‍ വാവ ആവശ്യത്തിനു ഭക്ഷണം ഒക്കെ കഴിച്ചു തുടങ്ങി. ചോറും, കറിയും ഒന്നുമല്ലാട്ടോ. രാവിലെ ഏതെങ്കിലും പഴം കൊടുക്കും. ആപ്പിളോ, വാഴ പഴമോ, അങ്ങനെ എന്തെങ്കിലും. കൂടുതലൊന്നും കഴിക്കില്ല. തുടക്കമല്ലേ. രണ്ടോ, മൂന്നോ സ്പൂണ്‍ മാത്രം. അത് നന്നായി ഉടച്ചു കൊടുക്കും. പഴത്തിന്റെ ഉള്ളിലെ കുരു കൊടുക്കാന്‍ പാടില്ല. അത് കഴിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് വയറു വേദന വരും. വൈകിട്ട് വാവക്ക് കുറുക്ക് കൊടുക്കും. ചില ദിവസം പഴത്തിനു പകരം മധുരകിഴങ്ങ്, കാരറ്റ്‌, ഇതിലേതെങ്കിലും വേവിച്ച് കൊടുക്കും.
ഇപ്പോള്‍ വാവ ഇരിക്കാന്‍ തുടങ്ങി. കൂടുതല്‍ നേരമൊന്നും ഇരിക്കില്ല. അത് പോലെ നീന്തും. നീന്തലിനെക്കള്‍ കൂടുതല്‍ ചാട്ടമാണ്. നിലത്തങ്ങനെ കിടത്താറില്ല . ബെഡില്‍ തന്നെയാണ്. അതാവുമ്പോള്‍ വീണാലും ഒന്നും പറ്റില്ലല്ലോ.